ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സ്ഥലനാമ ചരിത്രം

പടിഞ്ഞാറ് അറബിക്കടലും വടക്ക് കുത്തിയതോടും ചങ്ങരം തോടും കിഴക്ക് തോണിത്തോടും തെക്ക് തുറവൂര്‍ തൈക്കാട്ടുശ്ശേരി റോഡിന്റെയും തുറവൂര്‍ കുമ്പളങ്ങി റോഡിന്റെയും ഭാഗങ്ങളും ചാവടി പള്ളിത്തോട് റോഡും അതിരിട്ടു നില്‍ക്കുന്ന കുത്തിയതോട് പ്രദേശത്തിന്റെ ആദ്യകാല നാമം തുറവൂര്‍ വടക്ക് എന്നായിരുന്നു. തുറവൂര്‍ എന്ന പേര് സുരപുരി എന്ന സംസ്കൃത പദത്തില്‍ നിന്നും ഉണ്ടായതാണെന്നു പറയപ്പെടുന്നു. സുരപുരി എന്നാല്‍ ദേവന്മാരുടെ നാട് എന്നാണ്. അറബിക്കടലിനും  വേമ്പനാട്ടുകായലിനും ഇടയ്ക്കുള്ള ഈ ഭൂപ്രദേശം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടല്‍  വെച്ചുണ്ടായതാണെന്നാണ് ഗവേഷകരുടെ മതം. ഇവിടത്തെ മണ്ണിന്റെ ഘടന ആ നിഗമനത്തിന് ഊന്നല്‍ നല്‍കുന്നതാണ്. മേല്‍ത്തട്ടില്‍ കാണുന്ന മണലിന്നടിയില്‍ ഉറപ്പായ ചെളിത്തട്ടും അതിന്നടിയില്‍ പലതരം കക്ക അടങ്ങിയ സമൃദ്ധമായ മണല്‍ത്തട്ടും അതിനു താഴെ ചെളിത്തട്ടും പിന്നീട് നല്ല മണല്‍ത്തട്ടും കാണുന്നു. കാലങ്ങള്‍ കൊണ്ട് രൂപപ്പെട്ടതാണ് ഈ ഭൂപ്രദേശം എന്ന നിഗമനത്തിലെത്താന്‍ ഇതു സഹായിക്കുന്നു. മുമ്പ് തുറവൂര്‍ വടക്കു വില്ലേജ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം തെക്ക് തുറവൂര്‍ മുതല്‍ വടക്ക് ചമ്മനാട്ടു വരെ ഉള്‍പ്പെട്ടതും ഇന്നത്തെ കുത്തിയതോട്  പഞ്ചായത്തും കോടംതുരുത്ത് പഞ്ചായത്തും ഉള്‍ക്കൊള്ളുന്നതുമായ പ്രദേശമാണ്. ഗതാഗതത്തിന് ജലയാനങ്ങളെയാണ് പണ്ട് ആശ്രയിച്ചിരുന്നത്. പടിഞ്ഞാറ് തഴപ്പു കായലിനെ വേമ്പനാട്ടു കായലുമായി ബന്ധിപ്പിക്കുന്ന ഒരു ജലപാത ഉണ്ടായാല്‍ ജലമാര്‍ഗ്ഗമുള്ള ഗതാഗതം സുഗമമായി തീരുമെന്ന് കണ്ട് ഏതാണ്ട് 100 കൊല്ലങ്ങള്‍ക്കു മുമ്പ് ഈ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന ഒരു തോട് കരപ്രദേശം കുത്തി ഉണ്ടാക്കി.

പ്രാദേശിക ചരിത്രം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഈ പഞ്ചായത്ത് പ്രദേശത്തു നിന്നും ധാരാളം ചെറുപ്പക്കാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭണങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. 1942 ലെ ക്വിറ്റ് ഇന്ത്യ സമരം നടന്നതോടുകൂടിയാണ് കോണ്‍ഗ്രസ്സ് സംഘടന ഈ പ്രദേശത്ത് രൂപം കൊണ്ടത്. രാമസ്വാമി അയ്യരെടുത്ത ദേശീയ വിരുദ്ധ നിലപാടിനെതിരായി തൊഴിലാളി വര്‍ഗ്ഗം 1946 ഒക്ടോബര്‍ 22 ന് ആരംഭിച്ച സമരത്തില്‍ കുത്തിയതോട് പഞ്ചായത്തില്‍ നിന്നും ഒട്ടേറെപ്പേര്‍ പങ്കെടുത്തു. പഞ്ചായത്തില്‍ ആദ്യത്തെ സ്കൂള്‍ സ്ഥാപിതമായിട്ട് ഒരുനൂറ്റാണ്ട് ആയിട്ടുണ്ട്. ഏഴാം ക്ളാസുവരെയുണ്ടായിരുന്ന തുറവൂര്‍ സര്‍ക്കാര്‍ പള്ളിക്കൂടമാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ സ്ക്കൂള്‍. ഇന്ന് തൂറവൂര്‍ വെസ്റ്റ് യു.പി. സ്ക്കൂള്‍ എന്നറിയപ്പെടുന്നു. ആദ്യമായി സ്ഥാപിതമായ ഹൈസ്ക്കൂള്‍ തുറവൂര്‍ ടി.ഡി ഹൈസ്കൂള്‍ ആണ്. 70 കൊല്ലം മുമ്പ് സ്ഥാപിതമായ ഈ ഹൈസ്ക്കൂള്‍ ചേര്‍ത്തല താലൂക്കിലെ രണ്ടാമത്തെ ഹൈസ്ക്കൂള്‍ ആണ്. ഇന്ന് അത് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ആദ്യമായി ചേര്‍ത്തല താലൂക്കില്‍ സ്ഥാപിച്ച അദ്ധ്യാപക പരിശീലന കേന്ദ്രവും  തുറവൂര്‍ ടി.ഡി ഹൈസ്ക്കൂളിനോട് ചേര്‍ന്ന് ഇന്ന് പ്രവര്‍ത്തിക്കുന്ന തുറവൂര്‍ ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ടി.ഡി. ഹൈസ്ക്കൂളിനോട് ചേര്‍ന്ന് ആരംഭിച്ച പ്രൈമറി സ്ക്കൂള്‍ പിന്നീട് സര്‍ക്കാരിനു വിട്ടുകൊടുക്കുകയുണ്ടായി. കാലക്രമത്തില്‍ നാലുകുളങ്ങര ക്ഷേത്രപരിസരത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു പ്രൈമറി സ്ക്കൂള്‍ നിര്‍മ്മിച്ച് 1950-ല്‍ സര്‍ക്കാരിന് വിട്ടുകൊടുത്തു. ആ സ്ക്കൂള്‍ 1991-ല്‍ യു.പി സ്ക്കൂളായി ഉയര്‍ത്തി. പള്ളിത്തോട് പള്ളിയങ്കണത്തില്‍ ഒരു പ്രൈമറി സ്ക്കൂള്‍ പള്ളിക്കാര്യത്തില്‍ നിന്നു തുടങ്ങുകയും 1964-ല്‍ അതിനോടുചേര്‍ന്ന് ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഈ സ്ക്കൂളിന്റെ പ്രവര്‍ത്തനത്തോടെ മത്സ്യത്തൊഴിലാളികളുടെ വിദ്യാഭ്യാസത്തിന് ഒരു പുത്തന്‍ ഉണര്‍വുണ്ടായി